suruma || സുറുമ

മലയാളം, ഫോണ്ട്, സ്വ.സോഫ്റ്റ്‌വെയര്‍December 5, 2008 8:11 am

ഫയര്‍ഫോക്സ് -3.1 മുതല്‍ വീഡിയോ(ഓഡിയോയും) പിന്തുണ ബ്രൌസറില്‍ തന്നെ തുന്നിച്ചേര്‍ക്കുകയാണു്. HTML5-ല്‍ പറയുന്ന video(and audio) ടാഗ് ഉപയോഗിച്ചു്  താളിന്റെ ഘടനയോടൊപ്പം തന്നെ വിന്യസിക്കാനാവുന്നതാണു്. അതായതു്, ജാവാസ്ക്രിപ്റ്റോ ജാവാ ആപ്‌ലെറ്റോ ഫ്ലാഷ് പോലുള്ള വൃത്തികേടുകളോ വേണമെന്നില്ല. കെട്ടുപാടേതുമില്ലാത്ത Ogg എന്ന സ്വതന്ത്ര ഫോര്‍മാറ്റാണു് ഇതിനുപയോഗിക്കേണ്ടതു്. കൂട്ടത്തില്‍ SVGയും മേമ്പൊടിക്ക് ജാവാസ്ക്രിപ്റ്റുമൊക്കയുണ്ടെങ്കില്‍ പേജില്‍ ധാരാളം അഭ്യാസങ്ങള്‍ക്കു് വകുപ്പുമുണ്ടു്.

മറ്റൊരു പ്രധാന വിശേഷത CSS-ല്‍ @font-face ഉപയോഗിച്ചുള്ള വെബ് ഫോണ്ടു് പിന്തുണയാണു്. ലഭ്യമായ ഫോണ്ടു് ഉപയോഗിച്ചു് പേജ് പ്രദര്‍ശിപ്പിക്കുകയും, പിന്നീട് നിര്‍ദ്ദിഷ്ട ഫോണ്ടു്(പേജ് സ്ഥിതി ചെയ്യുന്നിടത്തുണ്ടാകണം അതു്) കൊണ്ടുവന്നു് താള്‍ പുതുക്കുകയും ചെയ്യാന്‍ ഇതു് സഹായകമാകും.(തല്ക്കാലം ഇതു് GNU/Linux ല്‍ ലഭ്യമാകില്ല എന്നാണറിയുന്നതു്)

ഇവ കൂടാതെ മറ്റനേകം വിശേഷതകളും 3.1 സമ്മാനിക്കുന്നുണ്ടു്. തുടര്‍ന്നു്, ഇതിന്റെയെല്ലാം ഫലം ഐസ്‌വീസല്‍(custom built, rebranded Firefox), ഐസ്‌കേറ്റ്(a GNU fork of Firefox) എന്നിവയിലും ലഭ്യമാകും.

, , , , , ,

മലയാളം, സ്വ.സോഫ്റ്റ്‌വെയര്‍May 19, 2008 12:41 pm

തീയിനുപകരം തീയല്ല; മഞ്ഞുകട്ട
കുറുനരിയെ വെല്ലാന്‍ വെറും പൂച്ച


ഐസ്‌വീസല്‍(Iceweasel)
മോസിലയുടെ സംരംഭങ്ങളാണു് ഫയര്‍ഫോക്സ്, സീമങ്കി, തണ്ടര്‍ബേഡ് എന്നിവയൊക്കെ.
ബ്രാന്‍ഡിങ്ങിനെ സംബന്ധിച്ചു് അവരുണ്ടാക്കിയ കോലാഹലങ്ങളാണു് യഥാക്രമം ഐസ്‌വീസല്‍, ഐസ്‌ഏപ്, ഐസ്‌ഡോവ് എന്നീപേരുകളില്‍ അവയെ റീബ്രാന്‍ഡ് ചെയ്യാന്‍ ഡെബിയന്‍ നിര്‍ബന്ധിതമായതു്. എന്നാല്‍ ഡെബിയനെ ആശ്രയിക്കുന്ന ഉബണ്ടുവിനു് അനുമതി ലഭിക്കുകയും ചെയ്തു.അതേസമയം കനോണിക്കലിന്റെതന്നെ, ഫ്രീസോഫ്റ്റ്‌വെയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന, ഗൊബുണ്ടുവില്‍ ഐസ്‌വീസല്‍ ആണു വരുന്നതു്.

ഐസ്‌കേറ്റ്(Icecat)
ഗ്നൂവിന്റെ മോസിലവൃന്ദത്തിനു ബദലായുള്ള ഗ്നൂസിലയില്‍ ഫയര്‍ഫോക്സിനു പകരമായി ആദ്യം ഐസ്‌വീസല്‍ തന്നെയായിരുന്നെങ്കിലും പിന്നീടു് ശാഖ പിരിച്ചു്(forked) ഐസ്‌കേറ്റ് എന്നപേരു് ഉപയോഗിക്കുകയാണു് ചെയ്തതു്. ഇതാനായി വേറിട്ട തായ്ത്തരു(trunk)
നിലനിര്‍ത്തിപോരുന്നുമുണ്ടു്.സ്വതന്ത്രമല്ലാത്ത ചേരുവകളെ ഒഴിവാക്കുകയും സ്വകാര്യതയെ സംരക്ഷിക്കുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുയും ചെയ്യുന്നതുകൊണ്ടു് ഐസ്‌കേറ്റ് സംപൂര്‍ണ്ണമായും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്. ഗ്നൂ ശുപാര്‍ശ ചെയ്യുന്ന ഗ്ന്യൂസെന്‍സ്(gNewSense) ഡിസ്റ്റ്രിബ്യൂഷനില്‍(ഉബണ്ടുവില്‍ നിന്നുതന്നെ പിറവിയെടുത്തതു്) ഐസ്‌വിസല്‍/ഫയര്‍ഫോക്സ്, ‘ബേണിഗ് ഡോഗ്’ ആണു്.ഗ്ന്യൂസെന്‍സിന്റെ ആവിര്‍ഭാവം ഗൊബുണ്ടു എന്തിനു് എന്ന ചോദ്യവും ഉയര്‍ത്തുന്നു. ഈ പേരുകളെല്ലാം പ്രഖ്യാതമായ ഹാക്കര്‍ പാരമ്പര്യം-മാതൃകകളെ കുറിക്കാന്‍ വിപരീതപദം ഉപയോഗിക്കുകയോ ‘നേതി’ ചേര്‍ത്തു് പറയുകയോ ചെയ്യുക-വെളിവാക്കുന്നതാണു്.